Join News @ Iritty Whats App Group

ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധം, കേരളത്തില്‍ ആര്‍എസ്എസിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നു: എം.വി ഗോവിന്ദന്‍



ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസ്സാര വത്കരിക്കുന്നത് അടവാണ്. അത് ഗവര്‍ണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും ഉന്നത കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാട് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നടപടികള്‍ നിയമപരമായി കൈകാര്യം ചെയ്യും. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. കേരളത്തില്‍ ആര്‍എസ്എസിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റാനാണ് ശ്രമം. ചില മാധ്യമങ്ങളെ മാത്രമേ കാണൂ എന്നത് ഗവര്‍ണറുടെ ഫാസിസ്റ്റ് നിലപാടാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തുള്‍പ്പെടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവിയില്ല. കേരളത്തിലും അത് നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാര്‍ ആലോചിക്കുന്നു. ഗവര്‍ണറെ ചാന്‍സലര്‍ ആക്കണമെന്ന് ഒരു നിയമവും പറയുന്നില്ല. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളയില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കത്ത് കണ്ടിട്ടില്ല. ഇതില്‍ മുഖ്യമന്ത്രി മറുപടി നല്‍കും. രണ്ടു പേരും സുപ്രധാന ഭരണഘടനാപദവി വഹിക്കുന്നവരാണ്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ പോലും ഇങ്ങനെയൊക്കെ നടക്കാറുണ്ടോയെന്ന് അറിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടായതിനാല്‍ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രി നടത്തിയ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മറുപടി നല്‍കി.

ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രേഖാമൂലമാണ് അറിയിച്ചത്. തന്നെ അപമാനിക്കുന്ന തരത്തില്‍ കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടയിലാണ് ഈ അസാധാരണ നീക്കം.

Post a Comment

Previous Post Next Post
Join Our Whats App Group