മാവേലിക്കരയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍കുളത്തിന് സമീപമുള്ള കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രതീഷ്ചന്ദ്രന്‍, അനുജയരാജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടിയൂര്‍ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠന്‍, മനേഷ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവാക്കള്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തത്. പാത്രങ്ങള്‍ കഴുകുന്ന സിങ്കില്‍ കൈയും വായും കഴുകാന്‍ വന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഹോട്ടലിന്റെ ഉള്‍ഭാഗം പൂര്‍ണമായും അക്രമികള്‍ അടിച്ചു തകര്‍ത്തു. ജീവനക്കാര്‍ക്കും പിടിച്ചുമാറ്റാന്‍ ചെന്നവര്‍ക്കുമാണ് മര്‍ദനമേറ്റത്. പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ഇവര്‍ അക്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടമായത് തിരിച്ചെടുക്കാന്‍ രണ്ടു പേര്‍ കടയില്‍ തിരികെ എത്തിയിരുന്നു. ഈ സമയം ഇവിടെയെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരെ പ്രതീക്ഷിച്ച് റോഡില്‍ കാത്തുനിന്ന മറ്റൊരാളെയും പൊലീസ് പിടികൂടി. പട്രോളിങ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടു പേരെ മിച്ചല്‍ ജങ്ഷനില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയേറ്റ് ഗുരുതരമായ പരിക്കേറ്റ രതീഷ്ചന്ദ്രന് നെറ്റിയിലും കണ്ണിനുമാണ് പരിക്ക്. ക്യാഷ് കൗണ്ടറില്‍ ഇരുന്ന അനു ജയരാജിന് തലയ്ക്ക് പരിക്കുണ്ട്. രതീഷ്ചന്ദ്രനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ മാസത്തില്‍ പത്തനംതിട്ടയില്‍ ചിക്കന്‍ ഫ്രൈ കിട്ടാന്‍ താമസിച്ചതിനേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ യുവാവ് മര്‍ദ്ദിച്ചിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജിതിന്‍ എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ മർദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
Post a Comment