കോഴിക്കോട്: പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുൻപ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുുന്നു.
പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മക്കട സ്വദേശിയായ യുവതിയെ, ആദിൽ വിവാഹം ചെയ്തിട്ട് ഒരു വർഷം കഴിയുന്നതേയുള്ളൂ. എന്നാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ അമ്മയ്ക്ക് കുഞ്ഞിനെ കാണാൻ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതി ഇന്നലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
യുവതി ഇന്നലെ രാവിലെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടി യുവതി തിരികെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. ആദിലും അമ്മയും ചേർന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയൽവാസികൾ പറഞ്ഞു. ആദിൽ മുൻപ് ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. അങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ ഇടപെടലിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് അതിർത്തി കടക്കും മുൻപ് ഇവരെ കസ്റ്റഡിയിൽ എടുത്തു.
Post a Comment