Join News @ Iritty Whats App Group

കുണ്ടന്നൂര്‍ ബാറിലെ വെടിവയ്പ്: രണ്ടു പേര്‍ പിടിയില്‍, വധശ്രമത്തിന് കേസ്



കൊച്ചി കുണ്ടന്നൂര്‍ ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘ഒജീസ് കാന്താരി’ ബാറില്‍ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. അഭിഭാഷകനായ ഹറോള്‍ഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി സോജന്‍ എന്നിവരാണു പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു ബാറില്‍ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബില്‍ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ സോജന്‍ ചുവരിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നില്‍ക്കേ ഇയാള്‍ ഒപ്പമുണ്ടായിരുന്ന ഹറോള്‍ഡിനൊപ്പം ബാറിനു പുറത്തിറങ്ങി കാറില്‍ കയറി പോയി.

നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസില്‍ വിവരം അറിയിക്കാന്‍ ബാര്‍ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പൊലീസിനെ ബാറില്‍ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിന്റെ ഗേറ്റ് അടച്ച് മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങള്‍ കണ്ടെത്തി.

ഈ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി. വ്യാപക പരിശോധനയ്ക്ക് ഒടുവില്‍ ഒരു ക്രിമിനല്‍ കേസില്‍ ജയില്‍ മോചിതനായ സോജനാണ് വെടിവച്ചയാള്‍ എന്ന് പൊലീസ് കണ്ടെത്തി. സോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകന്‍ ഹാറോള്‍ഡാണ് ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിനാണ് സോജന്‍ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group