Join News @ Iritty Whats App Group

സര്‍ക്കാരിന്റെ മദ്യപാന നഴ്‌സറി , സ്ത്രീകളെയും കുട്ടികളെയും മദ്യപാനത്തിലേക്ക് കൊണ്ടു വരുന്ന നയം’; പണം മതിയോയെന്ന് കെസിബിസി


വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം തെറ്റെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യപാനത്തിലേക്ക് കൊണ്ടു വരുന്ന നയമാണ് ഇതെന്നും സമിതി കുറ്റപ്പെടുത്തി. വ്യക്തികള്‍ നശിച്ചാലും പണം കിട്ടിയാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനെന്നും കെസിബിസി ആരോപിച്ചു.

ബവ്റേജസ് വഴിയെ മദ്യം വില്‍ക്കാനേ അനുവാദമുള്ളു. എന്നാല്‍ മറ്റ് തരത്തിലും ഇത് വില്‍ക്കപ്പെടും. മദ്യവും ലോട്ടറിയുമാണ് സര്‍ക്കാരിന്റെ മുഖ്യ വരുമാനം. അതു കൊണ്ട് മദ്യപാനാസക്തി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെസിബിസി വിമര്‍ശിച്ചു. മദ്യപാന നഴ്സറിയാണ് സര്‍ക്കാര്‍ തുറക്കുന്നതെന്നും സമിതി ആരോപിച്ചു.

സര്‍ക്കാര്‍ നയത്തിനെതിരെ 26 നു രാവിലെ 10ന് കലൂരില്‍ കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത കമ്മിറ്റി ധര്‍ണ നടത്തും. പോഗ്രാം ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചനാണ് ഇക്കാര്യം അറിയിച്ചത്. അതിരൂപത ഡയറക്ടര്‍ ഫാ. ഡോണി കോട്ടയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സമിതി വക്താവ് ചാര്‍ളി പോള്‍ അധ്യക്ഷത വഹിക്കും.

ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം നിലവില്‍ വന്നതായി മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചു.

കേരളാ സ്മോള്‍ സ്‌കേല്‍ വൈനറി (ഫോര്‍ പ്രൊഡക്ഷന്‍ ഓഫ് ഹോര്‍ട്ടി വൈന്‍ ഫ്രം അഗ്രികള്‍ച്ചറല്‍ പ്രോഡക്ട്സ് ഓഫ് കേരള) റൂള്‍സ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും.

Post a Comment

Previous Post Next Post
Join Our Whats App Group