Join News @ Iritty Whats App Group

സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസ്; പത്ത് പേര്‍ പിടിയില്‍



വയനാട്: തിരുനെല്ലി തെറ്റ്‌റോഡിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പണം കവർന്ന കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രശാന്ത്, കൊണ്ടോട്ടി സ്വദേശി ഷഫീഖ് എന്നിവരെയൊണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം പത്തായി. ആദ്യ 4 പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്നും മറ്റ് 6 പേരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖിനെ കമ്പളക്കാട് പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിനെ കണ്ട ഉടൻ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസ്സിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഒക്ടോബർ 5 ന് പുലർച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂർ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്. കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് മറ്റ് യാത്രക്കാരോട് പറഞ്ഞത്. ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്‍റെ പണമാണ് നഷ്ടമായത്. 

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരെ നേരത്തെ കർണാടക മാണ്ഡ്യയിൽ നിന്നും മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താന്‍ കഴിഞ്ഞത്. മാണ്ഡ്യയില്‍ നിന്നും ക്രിമിനൽ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എൽ ഷൈജുവിന് നേരെ കാർ കയറ്റിയിറക്കാൻ ശ്രമമുണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group