ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ ആവശ്യമുന്നയിച്ചതിനെക്കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഗവര്‍ണര്‍ക്ക് തന്റെ അധികാരങ്ങളെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യത്തെയും ഭരണഘടനയെ തന്നെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല. ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യേണ്ടത്. സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്നും കാനം പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അദ്ദഹത്തിന് അധികാരമുണ്ടെങ്കില്‍ ധനമന്ത്രിയെ പുറത്താക്കട്ടെ അപ്പോള്‍ കാണാം’, സിപിഐ സെക്രട്ടറി പറഞ്ഞു.
വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട് ഒരു അവസാന തിയതിയൊക്കെ പറഞ്ഞിരുന്നു. എന്നിട്ട് ഒന്നും സംഭവിച്ചില്ല, ഒരു പക്ഷി പോലും പറന്നില്ല ചിലച്ചില്ല. ഗവര്‍ണര്‍ അങ്ങനെ പറഞ്ഞത് തെറ്റാണെന്നാണ് കോടതി പറഞ്ഞത്. നിയമപ്രകാരം മാത്രമേ ആരെയും മാറ്റാനാകൂ. പ്രതിപക്ഷത്തില്‍ ഭിന്നതയുണ്ടെന്നും താല്‍പര്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.
Post a Comment