ഇരിട്ടി: ഇരിട്ടി ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന വിശാലമായ ഉയർന്ന പ്രദേശമാണ് അത്തിത്തട്ട് . നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രധാനമായും മൂന്നു റോഡുകളാണുള്ളത്. ഈ മൂന്നു റോഡുകളും തകർന്നതോടെ ഇരിട്ടി നഗരസഭ പരിധിയിലുള്ള അത്തിത്തട്ട് പ്രദേശത്തുള്ളവർ ദുരിതത്തിൽ ആയിരിക്കുകയാണ്. മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്കുള്ള ടാറിംഗ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്നിട്ട് നാളുകൾ ഏറെയായി. ടാറിട്ട റോഡിലെ ഇളകിയ കല്ലുകൾ കാരണം കാൽനടയാത്രക്കാർക്കുപോലും നടക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കാൽനട യാത്ര ചെയ്യുമ്പോൾ അതുവഴി വാഹനം പോയാൽ ടാറിങ്ങിന്റെ ഇളകിയ കല്ലുകൾ ആളുകളുടെ ദേഹത്ത് തെറിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ വീണ് പരിക്കേൽക്കുന്നതും പതിവായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഈ മേഖലയിലേക്ക് സർവീസ് നടത്താത്ത സാഹചര്യമാണ്. സ്കൂൾ ബസുകൾ പോലും ഈ റോഡിലേക്ക് കുട്ടികളെ എടുക്കാൻ പോകാത്ത അവസ്ഥയിലാണ്. ഇതേ അവസ്ഥ തന്നെയാണ് ജബ്ബാർകടവിൽ നിന്നും അത്തിത്തട്ടിലേക്കുള്ള റോഡിന്റെയും, ഊവാപ്പള്ളിയിൽ നിന്ന് അത്തിത്തട്ടിലേക്കുള്ള റോഡിന്റെയും സ്ഥിതി. ചെങ്കൽ പണിയിലേക്കുള്ള ലോറികളും ഈ റോഡിലൂടെയാണ് കടന്നു പോകാറുള്ളത്. നഗരസഭയുടെ അധീനതയിലുള്ള ഈ റോഡുകൾ അധികൃതർ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുൾപ്പെടെ ഒന്നാകെ ആവശ്യപ്പെടുന്നത്.
മൂന്ന് റോഡുകളും തകർന്നു - അത്തിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരം- പരിഹാരം കാണാതെ അധികൃതർ
News@Iritty
0
Post a Comment