ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. കഴിവുള്ളവര്‍ കേരളം വിടുകയും അറിവില്ലാത്തവര്‍ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവര്‍ണറുടെ പ്രസ്താവന പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം.
താങ്കള്‍ക്ക് കഴിവുണ്ടെന്ന് സമ്മതിക്കുന്നുവെന്നും ദയവുചെയ്ത് കേരളം വിട്ട് അടിയങ്ങളെ സഹായിക്കണമെന്നും ഗവര്‍ണറെ ലക്ഷ്യമിട്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
”ഇപ്പറഞ്ഞത് തീര്‍ത്തും ശരിയാണ് സര്‍. താങ്കള്‍ക്ക് നല്ല കഴിവുണ്ടെന്ന് സമ്മതിക്കുന്നു സര്‍. ദയവുചെയ്ത് അങ്ങ് കേരളം വിടണം സര്‍. കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സര്‍! യു.പിയോ ഗുജറാത്തോ ആണെങ്കില്‍ ബെസ്റ്റാണ് സര്‍!”-എന്നായിരുന്നു അബ്ദുറബ്ബിന്റെ ട്രോള്‍.
ഇന്നലെ വൈകുന്നേരം രാജ്ഭവനില്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ”കഴിവുള്ളവര്‍ കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ പുറത്തുപോകാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിന്റെ പ്രശ്നമാണ്. കഴിവുള്ളവര്‍ പുറത്തുപോകുന്നു. അറിവില്ലാത്തവര്‍ നാട് ഭരിക്കുന്നു എന്നതാണ് അവസ്ഥ.”-ഗവര്‍ണര്‍ വിമര്‍ശിച്ചു.
കേരളത്തിലെ വിദ്യാഭ്യാസരീതി ഉത്തര്‍പ്രദേശിലുള്ള ഗവര്‍ണര്‍ക്ക് മനസിലാകില്ലെന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
Post a Comment