താമരശേരി: കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മൂന്നു ദിവസത്തിനു ശേഷം മോചിപ്പിച്ചു. സംഘത്തിലെ മൂന്നു പേര്‍ പിടിയിലായതിനു പിന്നാലെയാണ് മോചനം. 'എ ടു സെഡ്' സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തച്ചംപൊയില്‍ അവേലം അയ്യമ്പടി മുഹമ്മദ് അഷ്‌റഫിനെ (55)യാണ് സംഘം ഇന്നലെ രാത്രി വിട്ടയച്ചത്.
മുഹമ്മദ് അഷ്‌റഫിന്റെ ഗള്‍ഫിലുള്ള ബന്ധുവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയമുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. രാത്രി കട അടച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ മുഹമ്മദ് അഷ്‌റഫിനെ താമരശേരി വെഴുപ്പൂരില്‍ വച്ചാണ് ടാറ്റ സുമോയിലും കാറിലുമെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മുഹമ്മദ് ജൗവര്‍ എന്നയാളെ പോലീസ് പിടികൂടിയതിനു പിന്നാലെയാണ് അഷ്‌റഫിനെ സംഘം മോചിപ്പിച്ചത്. സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കവേ വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്.
കൊല്ലത്തുനിന്നും ബസ് മാര്‍ഗം താമരശേരിയില്‍ എത്തിയ അഷ്‌റഫ് രാത്രി 11 മണിയോടെ വീട്ടിലെത്തി. കാറില്‍ കയറ്റിയ തന്നെ സംഘം കണ്ണുകള്‍ കെട്ടിയെന്നും ഏറെ ദൂരം സഞ്ചരിച്ചുവെന്നും അഷ്‌റഫ് പറയുന്നു. ഇടയ്ക്ക് മറ്റൊരു വാഹനത്തിലേക്കും കയറ്റി. പുറത്തിറങ്ങുന്നതിനു മുന്‍പ് ഹെല്‍മറ്റ് ധരിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. കയ്യിലുണ്ടായിരുന്ന പണവും എടിഎം കാര്‍ഡും മൊബൈല്‍ ഫോണും സംഘം പിടിച്ചെടുത്തു.
അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റ സുമോയും ഥാര്‍ ജീപ്പും സിഫ്ട് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സുമോയൂം സിഫ്ട് കാറും പ്രതികള്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയില്‍ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് അന്‍സല്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നയാളുടെ തിരിച്ചറിയല്‍രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്ക്കെടുത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പോലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യംചെയ്തെങ്കിലും അലി ഒളിവില്‍ തുടരുകയാണ്.
Post a Comment