Join News @ Iritty Whats App Group

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ; ഇനി കടുത്ത വകുപ്പുകള്‍ ഉപയോഗിക്കും


സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ പ്രയോഗിക്കാന്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്.

നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ഇനി ഇവര്‍ക്കെതിരെ ഉപയോഗിക്കുക. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31 എ വകുപ്പുകള്‍ ഇത്തരം പ്രതികള്‍ക്കെതിരെ പ്രയോഗിക്കാനും നിര്‍ദേശമുണ്ട്.
ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യ കേസ് കൂടി പരിഗണിച്ച് ഒന്നര ഇരട്ടി ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. തുടര്‍ച്ചയായി ഈ കുറ്റം ആവര്‍ത്തിച്ചാല്‍ വധശിക്ഷ വരെ ലഭിക്കാം.

ലഹരിവസ്തുക്കളുടെ തീവ്രതയും അളവും അനുസരിച്ച് നിശ്ചയിച്ച പട്ടിക നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷ. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. ലഹരി കടത്താനും വില്‍ക്കാനും സാമ്പത്തിക സഹായം ഉള്‍പ്പടെ ചെയ്യുവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group