Join News @ Iritty Whats App Group

'ഷാരോണിന് കൊടുത്തത് താൻ കുടിക്കുന്ന കഷായം'; കാമുകിയുടെ സന്ദേശം സഹോദരന്


തിരുവനന്തപുരം: കാമുകി ജ്യൂസ് നൽകിയതിനെ തുടർന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിനെ താൻ കൊലപ്പെടുത്തിയതല്ലെന്ന് കാമുകി. താൻ കുടിച്ച കഷായം തന്നെയാണ് ഷാരോണിന് നൽകിയതെന്ന് യുവതി ഷാരോണിന്റെ സഹോദരൻ സജിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശി ഷാരോൺ ചൊവ്വാഴ്ചയാണ് മരിച്ചത്. ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മരണം സംഭവിച്ചത്. മരണത്തിൽ ഷാരോണിന്റെ കാമുകിയായ തമിഴ്നാട് രാമവർമ്മൻചിറയിലുള്ള പെൺകുട്ടിക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.

പ്രണയത്തിലായിരുന്ന ഷാരോണും കാമുകിയും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് വിവാഹം കഴിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ വീട്ടുകാർ ഒരു സൈനികനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 14 ന് ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു. 

ആ സമയത്ത് പെൺകുട്ടി മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. സംസാരത്തിനിടെ പെൺകുട്ടി കുടിക്കുന്ന കഷായം ഷാരോണും കുടിച്ചു. കയ്പ്പ് മാറാൻ പെൺകുട്ടി ജ്യൂസ് നൽകി. ഛർദ്ദിച്ച് കൊണ്ടാണ് ഷാരോൺ വീട്ടിൽ നിന്ന് പുറത്തേക്ക് വന്നതെന്ന് ഷാരോണിന് ഒപ്പമുണ്ടായ സുഹൃത്ത് പറയുന്നു. വീട്ടിൽ വെച്ചും ഛർദ്ദിച്ചു. അവശനായപ്പോൾ ഡോക്ടറെ കാണിച്ചു. ആദ്യം പാറശാലയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്. മരിക്കുന്നതിന് മുൻപ് ഷാരോണിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് വിശദമായ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് ഷാരോണിന്റെ കുടുംബം.

Post a Comment

Previous Post Next Post
Join Our Whats App Group