ഗാന്ധിനഗര്‍: ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 60 പേര്‍ മരിച്ചതായി റിപ്പോർട്ട്. നൂറോളം പേര്‍ നദിയില്‍ വീണതായാണ് വിവരം. സംഭവസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.
മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. പുനര്‍നിര്‍മ്മാണം നടത്തി നാലുദിവസം മുന്‍പ് ഒക്ടോബര്‍ 26-ന്, ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് പാലം തുറന്നുകൊടുത്തത്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, തൂക്കുപാലം ഒടിഞ്ഞുവീഴുമ്പോൾ അതിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദീപാവലി അവധിയായതിനാലും ഞായറാഴ്ചയായതിനാലും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിൽ സഞ്ചാരികളുടെ തിരക്കായിരുന്നു.
Post a Comment