തലശേരി: പാനൂർ വള്ള്യായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്തിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
ഞായറാഴ്ച രാത്രി കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു കണ്ണൂർ സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ വീട്ടിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും.
ജനങ്ങളുടെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പിനു മുന്നോടിയായി വിഷ്ണുപ്രിയയുടെ വീടിനും പരിസരത്തും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തും.
കൊലപ്പെടുത്താനുള്ള തീരുമാനം സെപ്റ്റംബർ 28ന്
സെപ്റ്റംബർ 28 നാണ് വിഷ്ണു പ്രിയയെ കൊലപ്പെടുത്താനുളള തീരുമാനം താനെടുത്തതെന്ന് ശ്യാംജിത്ത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സെപ്റ്റംബർ 24ന് ശ്യാംജിത്തിന്റെ ജന്മദിനമായിരുന്നു.
അന്ന് മധുരവുമായി വിഷ്ണു പ്രിയയെ കാണാൻ പാനൂരിലെ ജോലി സ്ഥലത്തെത്തി മധുരം കൂട്ടുകാരിക്ക് നൽകി. ഏറെ സ്നേഹത്തോടെ പെരുമാറി.
ഇതോടെ അവൾ വീണ്ടും തന്നിലേക്ക് അടുത്തുവെന്ന് വിശ്വസിച്ചു. എന്നാൽ, 28ന് അവൾ പൊന്നാനിയിലെ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതാണ് കണ്ടത്.
പിന്തുടർന്ന് കോഴിക്കോട് വച്ച് ഇരുവരേയും മുഖാമുഖം കണ്ടു. പൊന്നാനി സ്വദേശിയും താനും തമ്മിൽ വാക്കേറ്റമുണ്ടായപ്പോർ അവൾ പൊന്നാനി സ്വദേശിയുടെ പക്ഷം ചേർന്നു.
ഇതോടെ വിഷ്ണുപ്രിയയെ തനിക്കിനി കിട്ടില്ലെന്ന് ബോധ്യമായി. ആദ്യം അവനെ കൊല്ലാനാണ് ആലോചിച്ചത്. എന്നാൽ, അവൻ മരിച്ചാൽ വിഷ്ണു പ്രിയ മറ്റൊരാളുടേതാകും എന്ന ചിന്ത ഉടലെടുത്തു.
തനിക്കില്ലെങ്കിൽ വേറെ ആർക്കും അവളെ കിട്ടരുതെന്ന ഉറച്ച തീരുമാനത്തിലാണ് അവളെ വകവരുത്താൻ തീരുമാനിച്ചതും തീർത്തതുമെന്ന് ശ്യാംജിത്ത് മൊഴിയിൽ പറയുന്നു.
Post a Comment