Join News @ Iritty Whats App Group

പൗരത്വ ഭേദഗതി നിയമം: 200ലധികം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ഹർജികൾ തള്ളണമെന്ന് കേന്ദ്രം


ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം ചേരുന്ന സുപ്രീം കോടതി ഇന്ന് 240 ഓളം പൊതുതാൽപര്യ ഹർജികൾ പരിഗണിക്കും. വിവാദമായ പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎയെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹർജികളാണ് ഇവയിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം കേൾക്കുന്ന 232ഓളം ഹർജികൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളാണ്.
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ മൂന്നംഗ ബെഞ്ചിന് കൈമാറുമെന്ന് നവംബർ എട്ടിന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. 2014 വരെ രാജ്യത്ത് എത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ട മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് എളുപ്പമാക്കുന്നതാണ് 2019ൽ ഭേദഗതി ചെയ്ത സിഎഎ നിയമം.

എന്നാൽ ഇതിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയതിനെചൊല്ലി കേന്ദ്രം പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും രൂക്ഷമായ വിമർശനം നേരിട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ആണ് ഈ വിഷയത്തിൽ പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും ഇന്ത്യൻ ബഹുസ്വരതയ്‌ക്കെതിരുമാണെന്ന് ചൂണ്ടികാട്ടി രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങളും നടന്നു. എന്നാൽ കേന്ദ്രത്തിന്റെ വാദം കേൾക്കാതെ പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി വ്യക്തമാക്കി. സി‌എ‌എയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു കൂട്ടം ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതികരണവും തേടി.

ഈ നിയമം ജനങ്ങളുടെ തുല്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കൽ നടത്തി അനധികൃത കുടിയേറ്റക്കാരിൽ ഒരു വിഭാഗത്തിന് മാത്രം പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നതാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ആരോപിക്കുന്നു.

കോൺഗ്രസ് നേതാവ് ജയറാം രമേഷ്, ആർജെഡി നേതാവ് മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ഉൾപ്പെടെ പൌരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.

മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ്, ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്‌യു), പീസ് പാർട്ടി, സിപിഐ, എൻജിഒ ‘റിഹായ് മഞ്ച്’, അഭിഭാഷകൻ എം എൽ ശർമ, നിയമ വിദ്യാർഥികൾ എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ, സി‌എ‌എയുടെ സാധുതയെ ചോദ്യം ചെയ്യുന്ന എല്ലാ ഹർജികളും തള്ളണമെന്ന് കേന്ദ്രം ഞായറാഴ്ച സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു, ഈ നിയമം അസമിലെ “അനധികൃത കുടിയേറ്റവും” ഭാവിയിൽ രാജ്യത്തേക്കുള്ള വിദേശികളുടെ കടന്നുകയറ്റവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group