Join News @ Iritty Whats App Group

അത്യപൂര്‍വ നടപടി; ഒന്‍പത് വിസിമാർ നാളെ 11.30നുള്ളിൽ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍; വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനുള്ള സംഘപരിവാര്‍ തീരുമാനത്തിന് കേരളം വഴങ്ങില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേയ്ക്ക്. അസാധാരണ നീക്കത്തിലൂടെ തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ 11.30നുള്ളില്‍ തന്നെ രാജി സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധി ആധാരമാക്കിയാണ് ഗവര്‍ണറുടെ കടുത്ത നടപടി. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്.

ഗവര്‍ണറുടെ ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നിര്‍ദേശത്തിന് കേരളം വഴങ്ങില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

എതെങ്കിലും ഒരു വിധിയുണ്ടായാല്‍ അത് ബാധകമാക്കാന്‍ ഇദ്ദേഹത്തിനെന്താ സുപ്രീകോടതിയുടെ അധികാരമുണ്ടോ. അതിന് വഴങ്ങി കൊടുക്കില്ല. ഗവര്‍ണറുടെ നിര്‍ദേശത്തെ നിയമപരമായി നേരിടും.'' എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group