തിരുവനന്തപുരം : സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നു.ഇപ്പോൾ അസാധാരണമായ ഒരുനടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നാളെ പത്ര സമ്മേളനം വിളിച്ചിരിക്കുകയാണ് ഗവർണർ.
നാളെ രാവിലെ 11.30ന് ഗവർണർ രാജ്ഭവനിൽ മാധ്യമങ്ങളെ കാണും. സർവകലാശാല നിയമനവിവാദവുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്കെതിരെ രംഗത്തുവന്നിരുന്നു. ഗവർണർക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രിയടക്കംമുള്ളവർ രംഗത്തെത്തിയിരുന്നു.
ആരിഫ് ഖാനെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ആണ് വാർത്താ സമ്മേളനത്തിൽ നടത്തിയത്. പദവിക്ക് ചേരുന്നത് പോലെ പെരുമാറണമെന്നാണ് പിണറായി ഗവർണർക്കെതിരെ പറഞ്ഞത്. ഗവർണർ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണമെന്നും
അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടക്കുന്നതെന്ന ഗവർണറുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ഗവർണർക്കെതിരെ മുഖ്യമന്ത്രി രംഗത്തി എത്തിയത്.
തർക്കം രൂക്ഷമായതിന് പിന്നാലെയാണ് ഇപ്പോൾ ഗവർണറുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാവുന്നത്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞിരുന്നു. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. തന്നെ അക്രമിച്ചവർക്ക് എതിരെ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് എന്നും
ഗവർണർ ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവർണർ വ്യക്തമാക്കി .സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തും നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ഇതുവരെ പിന്നിൽ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നൽകിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഗവർണർക്ക് എതിരെ ഇടത് നേതാക്കൾ കൂട്ടമായി രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷഭാഷയിൽ ഗവർണറെ വിമർശിച്ചു. ശനിയാഴ്ച ഗവർണർ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post a Comment