Join News @ Iritty Whats App Group

ഇരിട്ടി അഗ്നിശമന സേനക്കായി കണ്ടെത്തിയ ഭൂമി കൈമാറില്ലെന്ന് പൊതുമരാമത്ത്;സൗകര്യമുള്ള ആസ്ഥാന മന്ദിരം ഒരുക്കാമെന്ന അഗ്നിശനസേനയുടെ പ്രതീക്ഷ ആസ്ഥാനത്തായി



ഇരിട്ടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ ശ്വാസംമുട്ടിക്കഴിയുന്ന ഇരിട്ടി അഗ്നിശമന സേനക്കായി കണ്ടെത്തിയ ഭൂമി കൈമാറില്ലെന്ന് പൊതുമരാമത്ത്. ഇതോടെ സൗകര്യമുള്ള ആസ്ഥാന മന്ദിരം ഒരുക്കാമെന്ന അഗ്നിശനസേനയുടെ പ്രതീക്ഷ ആസ്ഥാനത്തായി. 
2010 ൽ ആണ് ഇരിട്ടിയിൽ അഗ്നിശമന സേന പ്രവർത്തനം ആരംഭിക്കുന്നത്. നേരംപോക്ക് റോഡിൽ മുൻപ് ഇരിട്ടി പി എച്ച് സി പ്രവർത്തിച്ചു വന്നിരുന്ന പഴക്കം ചെന്ന കെട്ടിടത്തിലാണ് സേന 12 വർഷമായി പ്രവർത്തിച്ചു വരുന്നത്. ഇടുങ്ങിയ മുറികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള കെട്ടിടത്തിൽ ശ്വാസമുട്ടിയാണ് അഗ്നിശമന കഴിഞ്ഞു വാതിരുന്നത്. ഒരു നല്ല മഴപെയ്താൽ മുറ്റം മുഴുവൻ ചെളിക്കുളമാകും. വാഹനങ്ങളും മറ്റു ഉപകരണങ്ങളും സൂക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ മാത്രം. നാട്ടിൽ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൽ ഒരു വിളിവന്നാൽ ഇടുങ്ങിയ നേരംപോക്ക് റോഡ് കടന്നു പോവുക എന്നത് ഏറെ സാഹസമാണ്. 
ഈ അവസ്ഥയിലാണ് ഇരിട്ടിയിൽ സൗകര്യ പ്രദമായ ഒരു ആസ്ഥാന മന്ദിരം എന്ന ലക്ഷ്യത്തോടെ സേന സ്ഥലം അന്വേഷിച്ചു പോകുന്നത്. 
ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരിയിൽ പഴയ ക്വാറിയോട് ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 1.40 ഏക്കർ ഭൂമിയിൽ 40 സെന്റ് ഭൂമി സൗകര്യപ്രദമാണെന്ന് കണ്ടെത്തുകയും മറ്റു നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. സ്ഥലം അഗ്നിശമനസേനക്ക് പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് സ്ഥലം അളന്നു തിരിക്കൽ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തു. ഒരു വര്ഷം മുൻപ് നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരുന്നെങ്കിലും മറുപടി ലഭിക്കാതായതോടെ അഗ്നിശമനസേനാ അധികൃതർ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അപേക്ഷ തിരസ്കരിച്ചതായി അറിയുന്നത്. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ഭൂമി മറ്റ് വകുപ്പുകൾക്ക് കൈമാറേണ്ട എന്നതാണ് തീരുമാനം എന്നാണ് അറിയിച്ചത്. ഇതോടെ പ്രതീക്ഷ മുഴുവൻ അസ്തമിച്ച അവസ്ഥയിലാണ് ഇരിട്ടി അഗ്നിശമനസേന. 
മേഖലയിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ സേനക്ക് ഒന്ന് നടുനിവർന്ന് ഇരുന്ന് വിശ്രമിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോഴൊന്നും മോചനം ലഭിക്കാനിടയില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.

Post a Comment

Previous Post Next Post
Join Our Whats App Group