എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പൊലീസ് മര്‍ദിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ പൊലീസ് സൃഷ്ടിച്ചതെല്ലാം കള്ളത്തെളിവുകളാണ്. മര്‍ദനത്തിനൊടുവില്‍ തനിക്ക് ഭീഷണിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നതാണെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണക്കേസില്‍ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്നത്. ജിതിന്റെ ജാമ്യാപേക്ഷയും കോടതി ഉടന്‍ പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Post a Comment