ആലപ്പുഴ : ശവപ്പെട്ടിയിൽ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ച് അര്‍ത്തുങ്കൽ സെയ്ന്റ് ജോര്‍ജ് പള്ളി. നേരിട്ട് മണ്ണിൽ മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് പള്ളി അവലംബിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ സംസ്കാരം നടക്കുന്നതെന്ന് പള്ളി അധികൃതർ വ്യക്തമാക്കി. പഴയ യഹൂദ രീതിയില്‍ കച്ചയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ആവരണം കൊണ്ടുള്ള ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം വർഷങ്ങൾ എടുത്തിട്ടും മണ്ണോട് ചേരാതായതോടെയാണ് ഇത്തരമൊരു രീതിയിലേക്ക് മാറാൻ പള്ളി തീരുമാനിച്ചത്. ചുള്ളിക്കല്‍ ഫിലോമിനാ പീറ്റർ എന്നയാളുടെ മൃതദേഹമാണ് ആദ്യമായി ഇത്തരത്തിൽ സംസ്കരിച്ചത്. വികാരി ഫാ. ജോണ്‍സണ്‍ തൗണ്ടയിലാണ് ഈ ആശയം മുന്നോട്ട് വച്ചത്.
ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് നടപടി. ഇടവകയിലുള്ള 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയുെ കുടുംബ യൂണിറ്റുകളിൽ ചർച്ച ചെയ്തുമാണ് തീരുമാനത്തിലെത്തിയത്. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗീകാരത്തോടെയാണ് പുതിയരീതി നടപ്പാക്കിയിരിക്കുന്നത്. ഈ രീതിക്ക് ചിലവും കുറവാണ്. ശവപ്പെട്ടികൾക്ക് മുടക്കുന്ന വലിയൊരു തുക ഇതുവഴി ലാഭിക്കാം.
ശുശ്രൂഷകൾക്കായി പള്ളിയിൽ തയ്യാറാക്കിയ സ്റ്റീൽപ്പെട്ട മരണം നടന്ന അതത് വീടുകളിലേക്ക് കൈമാറും. സെമിത്തേരിയിൽ തയ്യാറാക്കുന്ന കുഴിയിൽ തുണി വിരിച്ച് പൂക്കൾ വിതറി അതിലേക്കാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം ഇറക്കുക. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എല്ലാം തന്നെ സംസ്കാരത്തിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment