കണ്ണൂർ: സുരക്ഷയില്ലാതെ റെയില്‍വേ യാത്ര. പാളത്തില്‍ കല്ലുകള്‍ നിരത്തുന്നതും ട്രെയിനിലേക്കുള്ള കല്ലേറും പതിവ്.
റെയില്‍വേ സ്റ്റേഷനും പാളങ്ങളിലും സമൂഹവിരുദ്ധരുടെ കേന്ദ്രങ്ങളാകുന്നു. പാര്‍ക്കിങ് ചെയ്യുന്ന റെയില്‍വേ ജീവനക്കാരുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് സുരക്ഷയെ സാരമായി ബാധിക്കുന്നു. ഞായറാഴ്ച മംഗളുരു– തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കീര്‍ത്തന രാജേഷിന് (12) സമൂഹവിരുദ്ധരുടെ കല്ലേറില്‍ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനും എടക്കാടിനുമിടയിലാണ് അക്രമമുണ്ടായത്.കണ്ണൂര്‍–-കാസര്‍കോട് ജില്ലകളില്‍ പാളങ്ങളില്‍ കരിങ്കല്‍ ചീളുകള്‍വച്ച സംഭവവുമുണ്ടായി. കണ്ണൂര്‍ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂര്‍, ചന്തേര, ചേറ്റംകുണ്ട്, കോട്ടിക്കുളം, ഉപ്പള, കുമ്ബള, ഉള്ളാള്‍ ഭാഗങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്തിയില്ല. ഇതരസംസ്ഥാന തൊഴിലാളികളോ വിദ്യാര്‍ഥികളോ ആണിത് ചെയ്യുന്നതെന്ന നിലപാടിലാണ് ആര്‍പിഎഫ്.
റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നപേരില്‍ ചുറ്റുമതില്‍ കെട്ടുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ വെളിച്ചം പോലുമില്ല. രാത്രിയിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് സുരക്ഷാസേനായില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. റെയില്‍വേ ഗേറ്റുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ക്കുനേരെ തുടര്‍ച്ചയായി അക്രമം നടക്കുന്നു. രാത്രിയുള്‍പ്പെടെ ജോലിചെയ്യുന്നവര്‍ക്കുനേരെ സംസ്ഥാനത്തുടനീളം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ ജീവനക്കാര്‍ക്കുപോലും സുരക്ഷയില്ല. കണ്ണപുരം റെയില്‍വേ ഗേറ്റിലെ ജീവനക്കാരിയെ ഒരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ആര്‍പിഎഫ് പട്രോളിങ് ശക്തമാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
Post a Comment