Join News @ Iritty Whats App Group

'വിയോജിക്കുന്നവരെ വേട്ടയാടല്‍ ജനാധിപത്യവിരുദ്ധം'; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി


കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ നടപടിയില്‍ പ്രതിഷേധവുമായി ജമാഅത്തെ ഇസ്ലാമി. വിയോജിക്കുന്ന വിഭാഗങ്ങളെയും സംഘടനകളെയും വ്യക്തികളെയും സർക്കാർ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം നേതാവ് എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല. വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തും പരിശോധിച്ചും സംശയത്തിൽ നിർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമെല്ലാം കേന്ദ്ര ഏജൻസികളുടെ വേട്ടക്ക് വിധേയമാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്നും എം.ഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group