ആലപ്പുഴ: നിസ്കാരത്തിനിടയിൽ ഇമാം കുഴഞ്ഞു വീണ് മരിച്ചു. ഹരിപ്പാട് ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു എം ഹനീഫാ മുസ്‍ലിയാർ (55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാർത്തികപ്പള്ളി റെയ്ഞ്ച് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. താജുൽ ഉലമ എഡ്യൂക്കേഷൻ ട്രസ്റ്റ് ഖുർആൻ കോളേജ് പ്രസിഡന്റ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. പിതാവ് പരേതനായ ഉമ്മർ കുട്ടി. മാതാവ് : റുഖിയ ബീവി, ഭാര്യ: ലൈല. മക്കൾ : മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി.
Post a Comment