ഇരിട്ടി: അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്ന മൂലം ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. ബസ്റ്റാൻഡിലേക്ക് ബസ്സുകൾ കയറുന്ന വൺവേ റോഡിലാണ് അലക്ഷ്യമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതാണ് അപകടങ്ങൾക്കിടയാകുന്നത്.
സ്വകാര്യ ബസ്സുകൾ അടക്കം 100 കണക്കിന് ബസ്സുകളാണ് ദിവസവും പഴയപാലം റോഡ് വഴിയുള്ള വൺവേ വഴി ബസ്റ്റാൻഡിലേക്ക് എത്തുന്നത്. ഈ റോഡിൽ രണ്ടിടങ്ങളിലായുള്ള വലിയ വളവുകളിലാണ് ഇരു വശങ്ങളിലുമായി ഒരു നിയന്ത്രണവുമില്ലാതെ കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നിർത്തിയിടുന്നത്. ഇത് ബസ്സുകളുടെ സുഗമമായ യാത്രക്ക് പലപ്പോഴും തടസ്സമാവുകയാണ്. ഇതുവഴി പോകുന്ന മറ്റു വാഹനങ്ങളും പലപ്പോഴും കുരുക്കിൽ പെടുന്നു. കൃത്യസമയം പാലിച്ചോടുന്ന ബസ്സുകൾക്ക് ഈ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് വിനയായി മാറുകയാണ്. ഈ വളവുകളിൽ ബസുകളും സ്വകാര്യ വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുന്നത് പതിവായി മാറി. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്തിൽ ഏറെയും. പലപ്പോഴും ബസ് ഡ്രൈവർമാരും സ്വകാര്യ വാഹന യാത്രക്കാരും തമ്മിൽ വാക്കേറ്റവും ഇതുമൂലം പതിവായി. ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഓരോ ദിവസം കൂടുന്തോറും കൂടുതൽ വാഹനങ്ങൾ ഇവിടം പാർക്കിങ് കേന്ദ്രമാക്കുന്ന അവസ്ഥയാണുള്ളത്. വീതിയേറിയ റോഡും ടൗണുമാണെങ്കിലും ദിവസം തോറും ഉണ്ടാകുന്ന വാഹന ബാഹുല്യം ഇരിട്ടിയെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
Post a Comment