ആലപ്പുഴ തുമ്പോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് തന്റേതെന്ന് യുവതി സമ്മതിച്ചു. യുവതിയും കുഞ്ഞും ഇപ്പോഴും ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്
ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വെള്ളിയാഴ്ച്ച രാവിലെ രക്തസ്രാവത്തിന് ചികിത്സ തേടി യുവതിയും ആശുപത്രിയിലെത്തിയിരുന്നു. തുമ്പോളി സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഡിഎൻഎ പരിശോധനയും നടത്തും. കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും.
കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ യുവതിയെ ആരോ സഹായിച്ചിട്ടുണ്ടാകാമെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പുകിട്ടുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് തുമ്പോളി വികസന ജംക്ഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടത്. യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നായിരുന്നു അത്. സംഭവത്തിന് ഒരുമണിക്കൂർ മുമ്പ് കടപ്പുറം വനിത- ശിശു ആശുപത്രിയിൽ യുവതി രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. ഇതോടെയാണ് ഈ യുവതി തന്നെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന സംശയമുയർന്നത്. ഡോക്ടർമാരുടെ പരിശോധനയിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. എന്നാൽ, യുവതി നിഷേധിച്ചതോടെയാണ് പൊലീസും ആശയക്കുഴപ്പത്തിലായത്.
Post a Comment