അതിർത്തിയായ കളിയിക്കാവിളയിൽ ശനിയാഴ്ച യാത്ര പൂർത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങുകയായിരുന്നു. പാറശ്സാലയില്‍ നിന്നും പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ രാവിലത്തെ യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ സമാപിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുൽഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദർശിക്കും
വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. തുടർന്ന് ഇന്നത്തെ യാത്ര നേമത്ത് സമാപിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹർ ബാൽമഞ്ചിലെ വിദ്യാർഥികളുമായും രാഹുൽഗാന്ധി സംവദിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിരവധി സാംസ്കാരിക നേതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം നേരിട്ട് പോയി ക്ഷണിച്ചിരുന്നു
കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലെ 12 ലോക്‌സഭാ മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലൂടേയും യാത്ര കടന്ന് പോവും. എല്ലാ ദിവസവും രാഹുലും സംഘവും രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 7 വരെയുമാണ് നടക്കുക. സെപ്റ്റംബർ 29 ന് സംസ്ഥാനം വിടുന്നതിന് മുമ്പ് തൃശ്ശൂരിൽ ഒരു പൊതു റാലിയെ രാഹുൽ അഭിസംബോധന ചെയ്യും
സംസ്ഥാനത്ത് നിന്നുള്ള എട്ട് യുവ നേതാക്കളാണ് യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടൻ, എൻഎസ്‌യുഐ ദേശീയ കോർഡിനേറ്ററും കെ എസ് യു ജനറൽ സെക്രട്ടറിയുമായ നബീൽ കല്ലമ്പലം, സേവാദൾ മുൻ പ്രസിഡന്റ് എം എ സലാം, അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ, ചാലക്കുടി മുൻ നിയമസഭാ സീറ്റ് സ്ഥാനാർത്ഥി കെ.ടി.ബെന്നി, മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് ഫാത്തിമ ഇബ്രാഹീം എന്നിവരാണ് യാത്രയെ അനുഗമിക്കുന്നവർ.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക കൈമാറി കന്യാകുമാരിയില്‍ വെച്ചായിരുന്നു യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന യാത്ര കന്യാകുമാരി മുതൽ കശ്മീര് വരെയുള്ള 3500 കിലോമീറ്റർ കാൽനടയായി പിന്നിടും. യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവർക്കു സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം.
118 സ്ഥിരാംഗങ്ങൾക്കു പുറമേ ഓരോ സംസ്ഥാനത്തെയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളിയും യാത്രയില്‍ പങ്കുചേരും വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുന്നത്.
Post a Comment