തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിഗധര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ എടുക്കുന്ന തിരുമാനങ്ങളും നടപടികളും സുപ്രിം കോടതിയെ അറിയിക്കുമെന്ന് മന്ത്രി രാജേഷ് അറിയിച്ചു. സംഭവത്തില്‍ സുപ്രിം കോടതിയും നേരത്തെ ഇടപെട്ടിരുന്നു.
ഈ മാസം 28 ന് ഈ വിഷയത്തില്‍ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവുണ്ടാകും. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും എന്ത് ചെയ്യണമെന്നതില്‍ സര്‍ക്കാരിന്റെയും അനുബന്ധ സംഘടനകളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷമാവും സുപ്രീംകോടതി ഉത്തരവ്. കേസില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കക്ഷിചേരാനാകുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കും.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവ്‌നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വലിയ വെല്ലുവിളിയാണ്.
നായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി(ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 മുതല്‍ നായ്ക്കളിലെ വന്ധ്യംകരണപ്രവര്‍ത്തനം നടത്താനുളള അനുമതി കുടുംബശ്രീക്കായിരുന്നു. എന്നാല്‍ പിന്നീട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഇതില്‍നിന്നും കുടുംബശ്രീ ഒഴിവാവുകയായിരുന്നു. സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതും വന്ധ്യംകരണം നിലച്ചതിന് കാരണമായിരുന്നു. ഇക്കാരണം മുന്‍നിര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Post a Comment