കോഴിക്കോട്: കർണ്ണാടക, കേരളം,തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ കോഴിക്കോട് പിടികൂടി. കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പൊലീസും ചേർന്ന് പൂളകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിത്.
തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളീ (37), കോലാർ മൂൾബാബിൽ സ്വദേശിനിക ളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്തതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി എ.അക്ബർ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചതിൽ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം ഇതരസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്ദമംഗലം ബസ്റ്റാന്റിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്ന സമയത്ത് കവർച്ച ചെയ്യുന്നതും, കൂടെവന്ന ഒരാൾ നിരീക്ഷിക്കുന്നതായും, പിന്നീട് എല്ലാവരും കർണാടക രജിസ്ട്രേഷൻ ടവേരയിൽ കയറി പോകുന്നതും ദൃശ്യത്തിൽ പതിഞ്ഞിരുന്നു. തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ.ശ്രീനിവാസ് ഐപിഎസിൻ്റെ നേതൃത്വത്തിൽ കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കർണ്ണാടക രജിസ്ട്രേഷനിലുള്ള കെ.എ. 45 എം 2830 നമ്പർ ടവേര വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരുന്നതിനിടയിൽ വാഹനം ചേവായൂർ ഭാഗത്തേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചേവായൂർ പോലീസ് പൂളക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ നിന്ന് വാഹനവും പ്രതികളെയും പിടികൂടുകയായിരുന്നു.
ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുമ്പോൾ വ്യത്യസ്ത രീതിയിലുള്ള മാന്യമായ വേഷവിധാനത്തോടെ ആയതിനാൽ ആരും തന്നെ ഇവരെ സംശയിക്കാൻ ഇട വരാറില്ല. തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം ആയുധ വും ഇവരിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും കൂടാതെ താത്കാലികമായി ടെൻറ് കെട്ടാനുള്ള ടാർപായയും നിരവധി വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. വാഹനത്തിൽ കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തിയിട്ട് പരമാവധി കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് കടന്നു കളയുകയാണ് ഇവിടെ രീതി.
ചോദ്യം ചെയ്തതിൽ നിന്നും ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പൊലീസിനോട് സമ്മതിച്ചു.കൂടാതെ ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചക്കും തുമ്പുണ്ടായതായും, നിരവധി സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായും മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ വി.ടി ഹരീഷ് കുമാർ,പൊലീസ് ഓഫീസർമാരായ കെ.വി ശ്യാം പ്രസാദ്,സുമേഷ് നന്മണ്ട,ശ്രീരാജ് കൊയിലാണ്ടി,വനിത സിവിൽ പൊലീസ് ഓഫീസർമാരായ കെ.റോഷ്നി, ടി.ടി റൂബി ഡ്രൈവർ സിപിഒ എം.പ്രഗേഷ് എന്നിവരും ഉണ്ടായിരുന്നു.
Post a Comment