Join News @ Iritty Whats App Group

ബ്രാന്റഡ് വസ്ത്രങ്ങള്‍ ധരിക്കാനും വിലകൂടിയ വാഹനങ്ങള്‍ സ്വന്തമാക്കാനുമായി മോഷണം;ഇരിക്കൂർ സ്വദേശി കണ്ണൂരിൽ പിടിയിൽ



കണ്ണൂര്‍: ബ്രാന്റഡ് വസ്ത്രങ്ങള്‍ ധരിക്കാനും വിലകൂടിയ വാഹനങ്ങള്‍ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായി.
കായംകുളത്ത് നിന്നും കവര്‍ന്ന 50 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂര്‍ സ്വദേശി ഇസ്മായില്‍ വലയിലായത്. നാലു ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യും.

കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് പൂവാട്ടുപറമ്ബിലെ ഒരു വീട്ടില്‍ കയറി 20 പവനും ഒരുലക്ഷം രൂപയും പ്രതി കവര്‍ന്നു, പോര്‍ച്ചില്‍ നിര്‍ത്തിയിട്ട എന്‍ഫീല്‍ഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായില്‍ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്. അവിടെ പെണ്‍സുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ അഞ്ചാം തീയതി കായംകുളത്ത് പൂട്ടിയിട്ട ഒരു വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കവര്‍ന്നു. ഈ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുമ്ബോഴാണ് രഹസ്യ വിവരത്തെതുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ പിടികൂടിയത്.

ഇയാളുടെ കയ്യില്‍ നിന്നും കുറച്ച്‌ സ്വര്‍ണ്ണം കണ്ടെടുത്തു. ബാക്കി പണയമിടപാട് സ്ഥാപനങ്ങളില്‍ പണയം വച്ചതായി മനസിലായിട്ടുണ്ട്. പ്രതിയെ കായംകുളം പൊലീസിന് കൈമാറും. ആഡംബരമായി ജീവിക്കാനാണ് ബികോം ബിരുദധാരിയായ ഇയാള്‍ മോഷണം നടത്തുന്നത്. നാല് ജില്ലകളില്‍ കേസുകളുണ്ട്. ബ്രാന്റഡ് വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന ഇസ്മായില്‍ ബുള്ളറ്റിലാണ് സഞ്ചരിക്കുക. സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം താമസം. രാവിലെ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിവച്ച്‌ രാത്രി മോഷണത്തിന് ഇറങ്ങും. ഫോണുകളും സിമ്മുകളും നിരന്തരം മാറ്റുന്നതിനാല്‍ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പൊലീസ് പറയുന്നു. കാക്കനാടും വിയ്യൂരും കോഴിക്കോടുമൊക്കെ റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞ ഇസ്മായില്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group