Join News @ Iritty Whats App Group

പ്രവാസികള്‍ക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ


മസ്‍കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ മംഗലാപുരത്തു നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സര്‍വീസിന്റെ സമയം മാറ്റുകയും ചെയ്തു.

ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ചകളില്‍ മസ്‍കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712, തിരിച്ച് വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നിവയും റദ്ദാക്കി. വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 443, അതേ ദിവസങ്ങളില്‍ തന്നെ തിരികെ സര്‍വീസ് നടത്തുന്ന IX 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രാബല്യത്തിലുണ്ടാകുന്ന തീയ്യതികള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group