Join News @ Iritty Whats App Group

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ, റിമാൻഡ് ചെയ്തു


അടിമാലി: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഇടുക്കി അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയേയും ഇസ്ലാം മതത്തേയും അവഹേളിച്ച സംഭവത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

തിങ്കളാഴ്ച രാവിലെ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇസ്ലാം മത വിശ്വാസികളുടെ മത വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ വഴി സംഭവം വൈറലായി. ജോഷിയുടെ പരിചയക്കാരും സുഹൃത്തുക്കളും ഇയാളോട് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. 

ഇതേ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയോടെ പോപുലര്‍ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പി.എസ്, എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവര്‍ അടിമാലി സിഐയ്ക്ക് പരാതി നല്‍കി. പരാതിയോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്, സ്‌ക്രീന്‍ ഷോട്ടുകള്‍, കമന്റുകള്‍ എന്നിവയും ഹാജരാക്കി. തുടര്‍ന്ന് ജോഷിക്കെതിരെ മതനിന്ദ, നാട്ടിൽ കുഴപ്പമുണ്ടാക്കൽ, രണ്ടു സമുദായങ്ങൾക്ക് ( ഗ്രൂപ്പുകൾ ) ഇടയിൽ മത വികാരത്തെ പ്രകോപിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവമായ പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഐപിസി 153, 295 A എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ രാത്രി എട്ടു മണിയോടെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തന്ത്രപരമായി പിടികൂടി. പ്രതിയുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനിടെ ഇയാൾ പ്രോഫൈൽ ലോക്ക് ചെയ്തു. അടിമാലി പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group