Join News @ Iritty Whats App Group

തെരുവുനായ പ്രശ്നം; പ്രളയ, കൊവിഡ് കാലത്തേതിന് സമാനമായ ഇടപെടൽ ഉറപ്പ്'; എബിസി പദ്ധതി നടത്തിപ്പ് വിലയിരുത്താൻ നാലംഗ സമിതി


തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ ന‍ടപ്പിലാക്കുക. സ‍ര്‍ക്കാരിന്റെ നേതൃത്വത്തിൽ, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു. 

കളക്ട‍ര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട‍ര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ ഏകോപനം നി‍വ്വഹിക്കുക. മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേര്‍ക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്ക്കരിക്കണം. എംഎൽഎമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു. ഷെൽറ്റര്‍, വാക്സിനേഷൻ, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. അത് ബന്ധപ്പെട്ടവര്‍ ദിവസേനെ മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി രാജേഷ് നിര്‍ദ്ദേശിച്ചു. 

തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനടക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കും. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കം. 


Post a Comment

Previous Post Next Post
Join Our Whats App Group