മുംബൈ: ശിവസേനയിലെ രണ്ടുവിഭാഗങ്ങൾക്കും ദസറ ദിന റാലിക്ക് അനുമതി നൽകാനാവില്ലെന്ന് കോർപ്പറേഷൻ നിലപാടെടുത്തതോടെ എതിർപ്പുമായി ഉദ്ദവ് താക്കറെ വിഭാഗം രംഗത്ത്. ഒക്ടോബർ അഞ്ചിന് മുംബൈയില് ശിവാജി പാർക്കിൽ റാലി നടത്തുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം ഉറപ്പിച്ച് പറഞ്ഞു. എന്ത് വന്നാലും റാലി നടത്തും, ഗറില്ല യുദ്ധമുറ തന്നെ പുറത്തെടുക്കും താക്കറേ വിഭാഗം നേതാവ് അജയ് ചൗധരി ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
56 വർഷമായി ശിവാജി പാർക്കിൽ റാലി നടന്നുവരുന്നതാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം അത് മുടങ്ങി. ദസറ റാലി ആചാരത്തിന്റെയും വിശ്വാസ്യതയുടെയും കാര്യമാണ്. മുംബൈ മുൻ മേയർ കൂടിയായ താക്കറെ വിഭാഗം നേതാവ് കിഷോരി പട്നേക്കർ പ്രതികരിച്ചു. റാലിക്ക് നിരോധനം ഏർപ്പെടുത്തിയത് ബിജെപിയുടെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് റാലിക്ക് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പാർക്ക് രണ്ട് കൂട്ടർക്കുമായി റാലി നടത്താൻ വിട്ടുനൽകാനാവില്ല, രണ്ടിലൊരു കൂട്ടർക്കു നൽകിയാലും പ്രശ്നമുണ്ടാകും. ഈ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ തീരുമാനം.
മുഖ്യമന്ത്രി കൂടിയായ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. സാങ്കേതികമായി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറേയാണ്. ഉദ്ദവ് താക്കറേ വിഭാഗം റാലിക്ക് അനുമതി തേടി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. നാളെയാണ് ഹർജിയിൽ കോടതി വാദം കേൾക്കുക. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ഉദ്ദവ് താക്കറെ ഏതുവിധേനയും ശിവാജി പാർക്കിൽ റാലി നടത്തണമെന്ന വാശിയിലാണ്. ഉദ്ദവിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് വേദിയായ സ്ഥലമാണ് ശിവാജി പാർക്ക്. അതേസമയം, ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത് അവരാണ് യഥാർത്ഥ ശിവസേനയെന്നാണ്. ഹിന്ദുത്വയും മറാഠി സ്വാഭിമാനവും ഉയർത്തിപ്പിടിക്കുന്ന, ബാൽതാക്കറെയുടെ യഥാർത്ഥ പാർട്ടി പിൻഗാമികൾ തങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. പാർട്ടി പിളർപ്പിനു ശേഷമെത്തുന്ന ആദ്യ ദസറയെന്ന നിലയിൽ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ഭരണം നടത്തുകയാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.
Post a Comment