തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നിടത്ത് മലവെള്ളപ്പാച്ചിലുണ്ടായി. തിരുവനന്തപുരം മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ അമ്മയും മകളും മരിച്ചു. നെടുമങ്ങാട് സ്വദേശി ഷാനി(34), മകൾ നസ്രിയ ഫാത്തിമ (ആറ്) എന്നിവരാണ് മരിച്ചത്. വയനാട് മീനങ്ങാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചുപോയി. പാലക്കാട് അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യുവതി പെട്ടെന്ന് ചാടി ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
മങ്കയത്ത് മലവെള്ള പാച്ചിലിൽ പത്ത് പേരാണ് ഒഴുക്കിൽ പെട്ടത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട എട്ടുപേരെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു. രക്ഷപെടുത്തിയവരെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് നിന്ന് എത്തിയ ടൂറിസ്റ്റുകളാണ് അപകടത്തിൽപ്പെട്ടത്. മല വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമയെ നേരത്തെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പൊൻമുടിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് അധികൃതർ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അട്ടപ്പാടി ആനക്കട്ടിക്ക് സമീപം തൂവയിൽ മലവെള്ളപ്പാച്ചലിൽ കാർ ഒഴുകി പോയി. തമിഴ്നാട് സ്വദേശി കീർത്തി രാജിന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കീർത്തി രാജിന്റെ ഭാര്യ പെട്ടന്നിറങ്ങിയതിനാൽ അപകടം ഒഴിവായി. കീർത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു.
വണ്ടി വഴിയിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തൂവയിലൂടെ ഒഴുകുന്ന കൊടങ്കരപ്പള്ളത്തിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഭാര്യയെ കാറിൽ ഇരുത്തി കീർത്തി രാജ് അവരെ രക്ഷപ്പെടുത്താൻ അങ്ങോട്ടു പോയി. ഈ സമയം തോട്ടിൽ ജലനിരപ്പ് ഉയരുന്നത് കണ്ട കീർത്തി രാജ് ഭാര്യയെ കാറിൽ നിന്നിറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം കാർ ഒഴുകി പോവുകയായിരുന്നു. ഏറെ ദൂരം ഒഴുകി പോയ കാർ ഒരു മരത്തിൽ തട്ടി നിന്നു. വെള്ളമിറങ്ങിയ ശേഷം വാഹനം കരയ്ക്ക് കയറ്റിയതായി നാട്ടുകാർ പറഞ്ഞു.
Post a Comment