ഇരിട്ടി: എസ്.ഡി.പി.ഐ മുൻ പേരാവൂർ മണ്ഡലം പ്രസിഡന്റും ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ട്രഷററുമായിരുന്ന പി.പി.അബ്ദുള്ള (65) എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിച്ച രാഷ്ട്രീയ നേതാവായിരുന്നെന്ന് എസ് .ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പയിഞ്ചേരിമുക്കില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ കണ്ണൂർ കോയിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. എസ്.ഡി.പി.ഐ രൂപീകരണ കാലം മുതൽ തന്നെ പാർട്ടിയിൽ നേതൃത്വ പരമായ വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന അദ്ദേഹം എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ എസ്.ഡി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ട്രഷറർ ആയിരുന്നു.പാർട്ടി ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ഒരു മടിയും കൂടാതെ താഴെ തട്ടിലുള്ള പ്രവർത്തകരെ സംഘടിപ്പിച്ചും അവർക്കൊപ്പം ചേർന്നുകൊണ്ടും ഭംഗിയായി നിറവേറ്റാൻ മുന്നിൽ തന്നെ ഉണ്ടായിരുന്ന കുഞ്ഞള എന്ന പി.പി അബ്ദുള്ളയുടെ പെട്ടെന്നുള്ള വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് എസ.ഡി.പി.ഐ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് അനുസ്മരിച്ചു.
അനുശോചനയോഗത്തിൽ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് പി.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. നാടിന്റെ പ്രവർത്തന മേഖലകളിൽ നിറഞ്ഞു നിന്ന് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് തന്നെ പരിചയപ്പെടുത്തിയവർക്കൊക്കെ നല്ലത് മാത്രം പറയാനും ചിന്തിക്കാനും അവസരം നൽകി യാത്രയാകുക എന്നത് ഏതൊരു പൊതു പ്രവർത്തകൻറെയും ലക്ഷ്യമാണ്. ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ആ സൗഭാഗ്യത്തിന് ഉടമയായിട്ടാണ് പി.പി അബ്ദുള്ള വിട പറഞ്ഞിരിക്കുന്നതെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജന: സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.കെ ജനാര്‍ദ്ധനന്‍ (കോണ്‍ഗ്രസ്), എം.കെ ഹാരിസ് (മുസ്ലീം ലീഗ്), ഡോ: ശിവരാമകൃഷ്ണന്‍ (സി.പി.ഐ), ഹാഷീം (ഐ.എന്‍.എല്‍), കെ. മുഹമ്മദ് (എന്‍.സി.പി), വി.പി റഷീദ് (നഗര സഭ കൗണ്‍സിലർ), റഷീദ് കല്ലുമുട്ടി (പോപുലര്‍ ഫ്രണ്ട്), തമീം പെരിയത്തില്‍ (എസ്.ഡി.റ്റി.യു) തുടങ്ങിയവർ അനുശോചന യോഗത്തില്‍ സംസാരിച്ചു.
Post a Comment