Join News @ Iritty Whats App Group

'പ്രണയക്കെണി യാഥാർത്ഥ്യം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു': തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി


കണ്ണൂര്‍: ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി (Love Trap) യാഥാർത്ഥ്യമാണെണ് ആവര്‍ത്തിച്ച്‌ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി (Archbishop Mar Joseph Pamplany). ഇക്കാര്യം പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ പ്രണയക്കെണി സംബന്ധിച്ച വിഷയം ഇടയലേഖനമായി വായിച്ചിരുന്നു. ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നല്‍കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാർത്ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശമെന്നും ബിഷപ്പ് വിശദീകരിച്ചു.

''ജന്മം നല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാർത്ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം'' - ഇടയലേഖനത്തില്‍ പറയുന്നു.

ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്. ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച 'ഭൂദാനപ്രസ്ഥാനം' പോലെ ഇടവകകളിലെ ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണത്തിനാവശ്യമായ അഞ്ചോ ആറോ സെന്റ് ഭൂമി നല്‍കാന്‍ ഭൂസ്വത്തുള്ളവര്‍ തയ്യാറാകണം. കൂടുതല്‍ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃക കാട്ടണം.' അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഭവനനിര്‍മാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയില്‍ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം.

Post a Comment

Previous Post Next Post
Join Our Whats App Group