വിവാഹനിശ്ചയത്തിനു തയാറെടുത്തിരുന്ന യുവ എഞ്ചിനീയർ കാർ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് കാർ കഴുകുന്ന വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചത്. എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയർ ആയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന റിനോ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹനിശ്ചയത്തിനായി അവധിയെടുത്ത് വീട്ടിൽ എത്തിയത്.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന നേരത്തായിരുന്നു ശനിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്. സഹോദരൻ റിന്റോ തിരിച്ചെത്തുമ്പോൾ വൈദ്യുതാഘാതമേറ്റ നിലയില്‍ റിനോയെ കാണുകയായിരുന്നു. ശേഷം നാട്ടുകാരും സഹോദരനും ചേർന്ന് മണ്ണാർക്കാട്ടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 10ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകൾ നടക്കും. പരേതരായ പി.കെ. ജോയ്, മേഴ്‌സി ദമ്പതികളുടെ മകനാണ്.
Post a Comment