കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലായി.
ചൊവ്വയിലെ വൈദ്യർ പീടിക സമീപത്തുള്ള ഒളിതാവളത്തിൽ നിന്നാണ് ഉളിക്കൽ സ്വദേശി റോയ് യെ അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ സുഹൃത്ത് ഷാഗിൽ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. കഞ്ചാവിനൊപ്പം 50000 രൂപയും പരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എ ബിനു മോഹന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഏതാനും നാളുകളായി വീട്ടിൽ നിന്നും കഞ്ചാവ് പാക്ക് ചെയ്തത് ജില്ലയിൽ വിൽപന നടത്തിവരികയായിരുന്നു ഇരുവരും. റോയിയെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കടത്തിനെ സംബന്ധിച്ച് ചില നിർണായക വിവരങ്ങൾ പോലീസിനെ ലഭിച്ചിട്ടുണ്ട്.
എസ് ഐ മഹിജൻ, എഎസ്ഐ എം അജയൻ, സിപിഒ മാരായ അജിത്ത്, മഹേഷ്, മിഥുൻ, ഷിജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിന്നു.
സംഭവത്തിൽ വിശദമായ ഒരു അന്വേഷണത്തിനാണ് കണ്ണൂർ ടൗൺ പോലീസ് തുടക്കമിട്ടിരിക്കുന്നത്. കണ്ണൂർ നഗരത്തിൽ വരും ദിവസങ്ങളിലും മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണികളെ വലയിലാക്കുന്നതിനായി പോലീസ് പരിശോധനകൾ ഊർജ്ജിതമാക്കും.
Post a Comment