ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ആധാര്‍ വിശദാംശങ്ങള്‍ കൈമാറി ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമേ ജനങ്ങളുടെ സമയം ലാഭിക്കാനും ഉപകരിക്കപ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, വാഹന രജിസ്‌ട്രേഷന്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ തുടങ്ങി 58 സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇല്ലാത്തവര്‍ക്ക്, ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പോയി സേവനം തേടാവുന്നതാണ്. മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് വേണം ഇത് നിര്‍വഹിക്കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
Post a Comment