Join News @ Iritty Whats App Group

പതിനാലുകാരിയെ വിവാഹം കഴിച്ച 46-കാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റില്‍


കർണാടക : യെലഹങ്ക ന്യൂടൗണില്‍ 14 വയസ്സുകാരിയെ വിവാഹം കഴിച്ച 46-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിക്കബേട്ടഹള്ളി സ്വദേശി എന്‍. ഗുരുപ്രസാദാണ് അറസ്റ്റിലായത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ 14 വയസ്സുകാരിയെയാണ് 46-കാരനായ ഗുരുപ്രസാദ് വിവാഹം കഴിച്ചത്. വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
14-കാരിയെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടി ദമ്പതിമാര്‍ക്കുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദരിദ്രരും കൂലിപ്പണിക്കാരുമാണ്. കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നും പോലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗുരുപ്രസാദിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയതാണ്. ദരിദ്രകുടുംബത്തില്‍പ്പെട്ട 14-കാരിയെ അടുത്തിടെയാണ് ഇയാള്‍ കണ്ടത്. പിന്നീട് മറ്റൊരു സ്ത്രീ വഴി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇയാള്‍ പണവും വാഗ്ദാനം ചെയ്തു.

ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 15,000 രൂപയാണ് ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസ്സുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്.

മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി. അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group