മാള്‍ട്ട, ബല്‍ഗേറിയ, ഖത്തര്‍, കമ്ബോഡിയ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി.
വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍നിന്നും തളിപ്പറമ്ബ് പയ്യന്നൂര്‍ നരിക്കാമള്ളില്‍ ഷൈജുവിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നിമല്‍ ലക്ഷ്മണനാണ്(25) പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍11 മുതല്‍ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കല്‍ വീട്ടില്‍ ഹരീഷ് കൃഷ്ണനാണ് (27) പരാതിക്കാരന്‍. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയില്‍ വെണ്ണിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഡ്രീം ഫ്യൂച്ചര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാള്‍ട്ടയിലേക്ക് 25,000 രൂപ വീതം നാല് ലക്ഷം രൂപയും, ബള്‍ഗേറിയയിലേക്ക് 5 ലക്ഷം രൂപയും, ഖത്തറിലേക്ക് 25000 രൂപയും, കമ്ബോഡിയയിലേക്ക് 8,10,000 രൂപയും ഉള്‍പ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 17,35,000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്. തുടര്‍ന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നല്‍കുകയോ ചെയ്തില്ല. ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഇയാള്‍ ഉപയോഗിച്ചുവന്ന നാല് മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ജില്ല പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയത് പരിശോധിച്ചപ്പോള്‍ കണ്ണൂര്‍ ഇരിക്കൂര്‍ പുളിക്കരുമ്ബ എന്നിവിടങ്ങളില്‍ ഇയാള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്ന് പൊലീസ് സംഘം അവിടെയെത്തി വീട്ടില്‍നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാത്രി 11 മണിയോടെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Post a Comment