കണ്ണൂർ: സ്വാതന്ത്ര്യ ദിനത്തിൽ സിപിഎം കണ്ണൂരിലെ 4370 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചതാണ് ഇക്കാര്യം. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി ഓഫീസുകളിൽ രാവിലെ എട്ടിന് ദേശീയപതാക ഉയർത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയ പതാക ഉയർത്തിയശേഷം ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലുമെന്നും സ്വന്തമായി ഓഫീസില്ലാത്ത ബ്രാഞ്ചുകളിൽ പൊതുകേന്ദ്രത്തിലായിരിക്കും പതാക ഉയർത്തുകയെന്നും എം വി ജയരാജൻ അറിയിച്ചു.
സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 വരെ വിവിധ പരിപാടികൾ നടത്തും. സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച് 16 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും എ.വി ജയരാജൻ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലയിൽ സിപിഎം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഡോ. കെ എൻ ഗണേഷ് സെമിനാറിൽ പ്രഭാഷണം നടത്തും. സാഹിത്യ-നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ ചരിത്രകാരൻ കവിയൂർ രാജഗോപാലനെ ചടങ്ങിൽ ആദരിക്കും. ഇതിനുപുറമെ 15 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരസേനാനികളെയും കുടുംബങ്ങളെയും ആദരിക്കുമെന്നും എം. വി ജയരാജൻ പറഞ്ഞു.
Post a Comment