Join News @ Iritty Whats App Group

അതിശക്ത മഴ; കേരളത്തില്‍ അടുത്ത മൂന്ന് ദിവസം നിര്‍ണ്ണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തില്‍ അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ പ്രദേശത്ത് മഴ കനത്തോടെ ഡാമികളുടെ ഷട്ടറുകളെല്ലാം തുറന്നു. ഇതോടെ നദികള്‍ വെള്ളത്തിന്‍റെ അളവും ശക്തിയും വര്‍ദ്ധിച്ചു. അതിനിടെ അടുത്ത മൂന്ന് ദിവസം കേരളത്തില്‍ നിര്‍ണ്ണായകമാണെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, സംസ്ഥാനത്ത് മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ പ്രളയ മുന്നറിയിപ്പ്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയിൽ ഇന്ന് ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.

Post a Comment

Previous Post Next Post
Join Our Whats App Group