തിരുവനന്തപുരം: സംസ്ഥാന സർക്കാർജോലികളിൽനിന്ന് പെൻഷനായ ശേഷം ഗുരുതരമായ കുറ്റകൃത്യങ്ങളിൽപെട്ടാൽ ഇനിമുതൽ സർക്കാർ പെൻഷൻ തടയും. ഇതുസംബന്ധിച്ച് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കി.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ പെൻഷൻ തടഞ്ഞുവയ്ക്കുകയോ, പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തത്.
കെഎസ്ആർ മൂന്നാം ഭാഗത്തിൽ 2,3,59 എന്നീ ചട്ടങ്ങളിലാണ് ഭേദഗതി. വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തിൽ കൂടുതല്‍ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഇക്കാര്യം ജയിൽ സൂപ്രണ്ട്, എസ്എച്ച്ഒ, ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം.
ഈ പെൻഷണറുടെ വിവരം ട്രഷറി ഡയറക്ടർ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
പെൻഷൻ വാങ്ങുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമായിരിക്കും എത്രകാലത്തേക്ക് ശിക്ഷ വേണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുക.
സർവീസിലിരിക്കുന്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ വിരമിക്കുന്പോഴും തീർപ്പാക്കിയില്ലെങ്കിൽ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിക്കാം.
വിരമിച്ചശേഷമാണ് സർവീസ് കാലത്തെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതെങ്കിൽ നാല് വർഷത്തിനുള്ളിൽ നടപടിയെടുക്കണം. ഇതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും ചട്ടം ഭേദഗതിയിൽ വ്യക്തമാക്കുന്നു.
Post a Comment