പേരാവൂർ: പൂളക്കുറ്റി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തോടുകൾ കരകവിഞ്ഞൊഴുകിയപ്പോൾ തെറ്റുവഴിയിലെ കൃപാഭവന്റെ അടുക്കള പൂർണമായും ഇല്ലാതായി.
“ഒരു നല്ല അടുക്കള സമ്മാനിക്കാനായിരിക്കും ദൈവം ഈ ഇടപെടൽ നടത്തിയത്…” ദുരന്തത്തിന്റെ ആഴക്കയത്തിൽ നിൽക്കുമ്പോഴും കൃപാഭവൻ ഡയറക്ടർ സന്തോഷിന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകൾ.
ഒരുപിടി ഭക്ഷ്യധാന്യം പോലും ഇല്ലാതായി. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുമായി.
മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത് കൃപാ ഭവനാണ്. തിങ്കളാഴ്ച്ച രാത്രി 7.45 ഓടെയാണ് ചെറിയ തോതിൽ വെള്ളം അടുക്കളയിൽ എത്തിയത്.
പൈപ്പ് പൊട്ടിയതാവും എന്ന ധാരണയായിരുന്നു ആദ്യം. പൊടുന്നന്നെ വെള്ളം ഇരച്ചെത്തിയതോടെ അടുക്കളയിൽ ഉണ്ടായിരുന്നവർ മുകളിലത്തെ നിലയിൽ അഭയം തേടി. അതുകൊണ്ട് ആളപായം ഉണ്ടായില്ല.
മുഴുവൻ അടുക്കള ഉപകരണങ്ങളും പാത്രങ്ങളും ഒലിച്ചുപോയി. പശുക്കൾ, കോഴി, താറാവ്, ആടുകൾ തുടങ്ങി ഭൂരിഭാഗവും ഒഴുക്കിൽപ്പെട്ട് ചത്തു.
അന്തേവാസികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ആംബുലൻസ് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങൾ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കാൻ ആരംഭിച്ചെങ്കിലും ആഴ്ചകൾ വേണ്ടിവരും പഴയപടി എത്താൻ.
നിത്യേന മൂന്ന് ക്വിന്റൽ അരി ആവശ്യമുള്ള സ്ഥാപനത്തിന് ഒരു കിലോ പോലും എടുക്കാനില്ല. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ
Post a Comment