ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ഇന്ന് ഉച്ചമുതൽ അതിശക്തമായ മഴയാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ മേഖലയിൽ അനുഭവപ്പെടുന്നത്. രാത്രിയോടെ മൂന്നിടങ്ങിൽ ഉരുൾപൊട്ടലുണ്ടായി എന്നാണ് അനൗദ്യോഗിക വിവരം. കേളകം, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍,കണവം വനമേഖല എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ രണ്ട് പേരെ കാണാതായി.
പേരാവൂരിലെ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ ഒരു കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
കണ്ണൂർ നെടുംപൊയിൽ ടൗണിൽ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂർ തുണ്ടിയിൽ ടൗൺ വെള്ളത്തിനടിയിലായി. നിരവധി കടകളിൽ വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരിൽ മലയോരത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി എന്നാണ് വിവരം.
കണിച്ചാർ പഞ്ചായത്താൽ ഏലപ്പീടികയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെടുംപൊയിൽ കണ്ണവം വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മലയോരത്ത് രാത്രി വൈകിയും അതിശക്തമായി മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിൽ ഉണ്ടാവുന്നതിനാൽ ആരും പുഴയിൽ മീൻ പിടിക്കാൻ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൂത്തുപമ്പ് - മാനന്തവാടി പാതയിലെ നെടുമ്പൊയിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്റ്റം അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (02- 822 ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
Post a Comment