Join News @ Iritty Whats App Group

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടി: മുഖ്യമന്ത്രി



ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതിർത്തികളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവ് നടത്തും.

ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനിൽ കണ്ണിചേർക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.

ക്യാമ്പയിനിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ന് നടത്തും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ് പി.ടി.എ. യോഗങ്ങൾ ചേരും. എല്ലാ ക്ലാസുകളിലും വിക്ടേഴ്‌സ് ചാനൽ വഴി ഉദ്ഘാടന പ്രസംഗം കേൾക്കാൻ അവസരം ഒരുക്കും. തുടർന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും സംഘടിപ്പിക്കും. ബസ് സ്റ്റാൻഡുകളിലും ക്ലബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തിൽ പരിപാടികൾ നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group