Join News @ Iritty Whats App Group

യുഎഇയില്‍ കനത്ത പൊടിക്കാറ്റ്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു


അബുദാബി: യുഎഇയില്‍ അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പൊടിക്കാറ്റാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞതുകൊണ്ട് പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയാണ്. 

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അബുദാബിയില്‍ നിലവില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അബുദാബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് വരും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി. വാഹനയാത്രികര്‍ വേഗപരിധി പാലിക്കണം. മഴയുള്ളപ്പോള്‍ വെള്ളക്കെട്ട്, താഴ് വരകള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group