ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും. സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേൽക്കും. 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്. രമണ കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ഇപ്പോൾ ജസ്റ്റിസ് ലളിത്. വരുന്ന നവംബർ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക.
സുപ്രീംകോടതി നടപടികൾ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ പൊതുജനത്തിന് തത്സമയം കാണാനാകും.
ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‍ഫോം ഭാവിയിൽ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും കൂടി ഉപയോഗിക്കാനാകും. നിലവിൽ ചില ഹൈക്കോടതികൾ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.
إرسال تعليق