Join News @ Iritty Whats App Group

താലൂക്ക് ആശുപത്രിയിലെ നിര്‍ദ്ദിഷ്ട ഓക്സിജന്‍ പ്ലാന്റ് പ്രവൃത്തി അനന്തമായി നീളുന്നു


പേരാവൂര്‍: താലൂക്ക് ആശുപത്രിയിലെ നിര്‍ദ്ദിഷ്ട ഓക്സിജന്‍ പ്ലാന്റ് പ്രവൃത്തി അനന്തമായി നീളുന്നു. ഏപ്രില്‍ ആദ്യവാരത്തിലാണ് ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികള്‍ പേരാവൂരിലെത്തിച്ചത്.
ജില്ലാ ആശുപത്രിക്ക് ശേഷം ഇത്രയും വലിയ ഓക്സിജന്‍ പ്ലാന്റ് ലഭിച്ച ജില്ലയിലെ രണ്ടാമത്തെ ആശുപത്രിയാണ് പേരാവൂര്‍. ഒരേ സമയം 400ഓളം രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ സിലിണ്ടറുകളില്‍ ഓക്സിജന്‍ റീഫില്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. മലയോര മേഖലയിലെ ആദ്യ ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തിലാണ് അലംഭാവം.

ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകുന്നതിന് കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണമുണ്ട്. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശുപത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്നാണ് പരാതി. ജില്ലാ സര്‍വേയര്‍ അളന്ന് തിട്ടപ്പെടുത്തി വില്ലേജ് ഓഫീസിലെ എഫ്.എം.ബിയിലെ (ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്) പ്ലാനുമായി ഒത്തുനോക്കി അതിരുകള്‍ നിര്‍ണ്ണയിച്ച സ്ഥലം ആരോഗ്യവകുപ്പിന് അടയാളപ്പെടുത്തി നല്‌കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗത്ത് 35 മീറ്ററോളം നീളത്തില്‍ അതിരുകല്ലുകള്‍ സ്ഥാപിക്കാത്തത് കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നത് ആശുപത്രി വികസന സമിതിയിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തടയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കരാറുകാരന്‍ പണി നിര്‍ത്തിപോവുകയായിരുന്നു.

വഴിയുണ്ടെന്നും ഇല്ലെന്നും
നേരത്തെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തിയാണ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന പരാതിയുമായി സ്വകാര്യവ്യക്തികള്‍ ഹൈക്കോടതിയില്‍ ഹരജി നല്കുകയും സ്റ്റേ സമ്ബാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ഭൂമിയിലൂടെ പൊതുവഴികളില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എതിര്‍ സത്യവാങ്ങ് മൂലം നല്കിതോടെ സ്റ്റേ ഹൈക്കോടതി നീക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച പ്രവൃത്തി തടസപ്പെടുത്തിയത്. സംഭവം വിവാദമായതോടെ, വ്യക്തികള്‍ നല്കിയതിന് സമാനമായ ആരോപണമുന്നയിച്ച്‌ ആശുപത്രി വികസന സമിതിയിലെ 11 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നല്കിയിട്ടുണ്ട്. അതിര്‍ത്തി മാര്‍ക്ക് ചെയ്തു ആശുപത്രി സ്ഥലത്ത് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതിരുകല്ലുകള്‍ സ്ഥാപിച്ച ശേഷം ആശുപത്രിയുടെ ഭൂമിയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിക്കും. മുന്‍പ് തീരുമാനിച്ച സ്ഥലത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group